1946 ജൂലൈ 8 ന് മുഹമ്മദ് മുസ്ലിയാരുടെയും ബിച്ചായിശയുടെയും മകനായി കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബേപൂർ എന്ന പ്രദേശത്താണ് അബൂ മുഹമ്മദ് അബ്ദുൽ കരീം അബ്ദുറഹ്മാൻ മുസ്ലിയാരുടെ ജനനം. അദ്ദേഹം വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും അവിടെയാണ്. പത്താം വയസ്സിൽ തന്റെ കുടുംബത്തോടൊപ്പം തന്റെ പിതാവിന്റെ ജന്മസ്ഥലമായ കോടമ്പുഴ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി. അഞ്ചു വർഷം തന്റെ വന്ദ്യ പിതാവിന്റെ ശിക്ഷണത്തിൽ മാവൂർ പള്ളിയിൽ മതവിജ്ഞാനം നേടി. പിന്നീട് പെരുമുഖം ബീരാൻ കോയ മുസ്ലിയാരുടെ ശിക്ഷണത്തിൽ കോടമ്പുഴ പള്ളിയിൽ രണ്ടു വർഷവും. വിശ്രുത പണ്ഡിതൻ ശൈഖുൽ മശാഇഖ് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ കീഴിൽ വാഴക്കാട് ദാറുൽ ഉലൂം അറബികോളേജിലാണ് ഉന്നത പഠനം പൂർത്തീകരിച്ചത്.
അബ്ദു റഹ്മാൻ ബാവ മുസ്ലിയാർ 5 വർഷക്കാലം വിദ്യാർത്ഥിയായി വാഴക്കാട് ദാറുൽ ഉലൂം കോളേജിൽ താമസിച്ചു പഠിച്ചു. കോഴ്സ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇസ്ലാമിക കാഴ്ചപ്പാടുകളിൽ പഠനം, അദ്ധ്യാപനം, ഗവേഷണം, എഴുത്ത് എന്നിവയിൽ ദിവസങ്ങൾ ചെലവഴിച്ചു. ഇപ്പോൾ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദാറുൽ മആരിഫ് ഇസ്ലാമിക് സെന്റർ എന്ന പ്രശസ്തമായ മതസ്ഥാപനത്തിന് ചുക്കാൻ പിടിച്ച് അദ്ദേഹം സേവനം തുടരുന്നു. ഇസ്ലാമിക് സെന്ററിനു കീഴിലുള്ള ഇസ്ലാമിക് ദഅവ കോളേജിൽ പ്രൊഫസറായും കഴിഞ്ഞ 30 വർഷമായി ഇതേ സെന്ററിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
അറബി ഭാഷയിലേക്കും ഇസ്ലാമിക ശാസ്ത്രത്തിലേക്കും നടത്തിയ വിലമതിക്കാനാവാത്ത സേവനങ്ങളിലൂടെ അബ്ദു റഹ്മാൻ ബാവ മുസ്ലിയാർ പ്രശസ്തനായി. റൈറ്റേഴ്സ് ബോർഡ് അംഗമായി കേരളത്തിലെ സർക്കാർ സ്കൂളുകൾക്കായി വർഷങ്ങളോളം അദ്ദേഹം അറബി പുസ്തകങ്ങൾ തയ്യാറാക്കി നൽകി. ബോർഡ് ഓഫ് ഇൻസ്പെക്ഷന്റെ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മദ്രസ ക്ലാസുകൾക്കായി അറബി ഭാഷയിൽ വ്യത്യസ്ത ഇസ്ലാമിക പാഠപുസ്തകങ്ങൾ രചിക്കുന്നതിൽ അദ്ദേഹം അഭിനന്ദനാർഹമായ സേവനങ്ങൾ കാഴ്ചവെച്ചു. അഖിലേന്ത്യാ സുന്നി സ്കോളേഴ്സ് ഓർഗനൈസേഷന്റെ മേൽനോട്ടത്തിലാണ് അദ്ദേഹം ഉയർന്ന സ്ഥാനം ഏറ്റെടുക്കുന്നത്.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പള്ളിയിൽ 10 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ച അദ്ദേഹം, പുസ്തകങ്ങളും കുറിപ്പുകളും കൈയ്യിൽ എടുക്കാതെ ജുമുഅ ഖുത്ബ നിർവ്വഹിച്ച് ഖ്യാതി നേടി. തദനന്തരം അദ്ദേഹം ഫറോക്ക് ചുങ്കം പള്ളിയിൽ 5 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് നിരവധി സെഷനുകളിൽ അദ്ദേഹം മതപ്രഭാഷണങ്ങൾ നടത്തി. അതുപോലെ തന്നെ പത്ര മാസികകളിൽ സന്ദർഭോചിതമായി അദ്ദേഹം വിലപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതി. എന്നാൽ മാതൃഭാഷയായ മലയാളത്തിലെ കൃതികളേക്കാൾ അറബി ഭാഷയിലെ വിലമതിക്കാനാവാത്തതും ഉപയോഗപ്രദവുമായ ഇസ്ലാമിക കൃതികളിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. നൂറിലധികം ഇസ്ലാമിക പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടു. നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവെന്ന അതുല്യ വിശേഷണം അദ്ദേഹത്തെ ഇതര പണ്ഡിതന്മാരിൽ നിന്ന് വ്യതിരിക്തനാക്കുന്നു. സയ്യിദുൽ ബഷർ, അൽ ഇസ്ലാം, ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമിയ , തയ്സീറുൽ ജലാലൈനി എന്ന പേരിൽ വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനമായി 17 വാള്യങ്ങൾ (30 വാള്യങ്ങൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ്) ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ഗ്രന്ഥങ്ങൾ . അദ്ദേഹത്തിന്റെ നൂറാമത്തെ പുസ്തകത്തിന്റെ (അൽ ഇസ്ലാം) പ്രകാശന ചടങ്ങിൽ അദ്ദേഹത്തിന്റെ രചനാവിപ്ലവം മുൻനിർത്തി ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ് “ഖലമുൽ ഇസ്ലാം” (ഇസ്ലാമിന്റെ തൂലിക) എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.
അദ്ദേഹത്തിന്റെ വിലയേറിയ ചില കൃതികൾ കെയ്റോയിലെ ദാറുൽ ബസായിർ പോലുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണാലയങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- യനാബീഉൽ ഗിനാ. (പ്രസാധനം 2012 ).
- രിസ്ഖുൽ അസ്ഫിയാ. (പ്രസാധനം 2012).
- ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി. (പ്രസാധനം 2021 ) .
- സീറത്തു സയ്യിദിൽ ബഷർ.(പ്രസാധനം : ഒന്നാം പതിപ്പ് 2008 , നാലാം പതിപ്പ് 2010 ) .
ദാറുൽ കുതുബ് അൽ ഇൽമിയ്യ ബൈറൂത്ത് (ലബനൻ ) 2020 ൽ സഹാബു സ്സുലാൽ എന്ന കൃതിയും പ്രസിദ്ധീകരിച്ചു.
ദുബൈ ഔഖാഫ് വിഖ്യാതരചന അബുൽ ബഷർ പ്രസിദ്ധീകരിച്ചു.ഖൈറോവിലെ ദാറുസ്സ്വാലിഹ് 2021 ൽ ലിമാദാ എന്ന പ്രസക്ത ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
2017 ലും 2018 ലും 2019 ലും ഷാർജയിൽ നടന്ന മൂന്നാമത്തെ വലിയ അന്താരാഷ്ട്ര പുസ്തകമേളയിൽ രചയിതാവിന്റെ ഏക പുസ്തക ശേഖരത്തിനായി ഒരു പ്രത്യേക സ്റ്റാൾ തന്നെ ദാറുൽ മആരിഫ് പബ്ലിക്കേഷൻ പ്രദർശിപ്പിച്ചു. രചയിതാവിന്റെ ഏറ്റവും പുതിയ കൃതികളായ തയ്സീറുൽ ജലാലൈനിയും (വാല്യം 13 ) അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാമും (സ്ത്രീ ഇസ്ലാമിന്റെ ശീതളഛായയിൽ ) 2019 ൽ ഈ പുസ്തകമേളയിൽ പുറത്തിറങ്ങി.